കാണാമറയത്ത്
>> Monday, October 13, 2008
നാളേറെ കഴിയുമ്പോ
എന്തായിരിക്കും നീയും ഞാനുമെന്ന്,
സൌഹൃദം ഉണ്ടാവുമോ
ഓര്‍മ്മകള്‍ ഉണ്ടാവുമോ എന്ന്.
എപ്പോഴോ
ഇങ്ങനെയൊരാളെ അറിയുമായിരുന്നെന്ന്
വെറുതെ ഓര്‍മ്മിക്കുമെന്ന്
ചോദ്യവും ഉത്തരവും എല്ലാമായി നീ.
പറയുന്നതും കേള്‍ക്കുന്നതും എല്ലാം നീ.
അപ്പോഴും എപ്പോഴും
പറയാതെപോകുന്ന വാക്കുകളായി,
എന്നും കൂട്ടായ മൌനത്തെ സാക്ഷിയാക്കി
നമ്മള്‍ നിനച്ചാല്‍ ഒക്കെയാവില്ലേഎന്ന്
ഒരേയൊരു കളവില്‍ ഇന്നും ഞാന്‍.
ഒരിക്കലും നഷ്‌ടപ്പെടരുതെന്ന്
വിളി എന്നും കേള്‍ക്കണമെന്ന്
കൈയെത്തും ദൂരത്ത് എന്നുമുണ്ടാവണമെന്ന്
എന്നും കൂട്ടായിരിക്കണമെന്ന്
മൌനമായെങ്കിലും അരികില്‍ വേണമെന്ന്
ആ പേരിലെത്ര കണ്ണീരൊഴുകിയെന്ന്
വെറുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയെന്ന്
കാത്തുവച്ചതൊന്നും പറയാതെ
നിന്റെ പേരു കൊത്തിയ കല്ലിന്നും നെഞ്ചിലേറ്റി
ഒരേയൊരു കളവില്‍ ഇന്നും ഞാന്‍.
ഇല്ല;
നീ കാണുകയില്ല,
കേള്‍ക്കുകയോ അറിയുകയോ ഇല്ല,
കാണാമറയത്തെ കണ്ണുനീര്‍ത്തുള്ളിയെ.
അത് ഇരുളില്‍ ഒഴുകിമറഞ്ഞോട്ടെ.
ഒരു നൊടി നേരത്തില്‍ ബാഷ്‌പമായ് തീര്‍ന്നോട്ടെ.
0 comments:
Post a Comment