അവസാനത്തിനു തൊട്ടുമുന്‍പ്
>> Friday, July 31, 2009
എവിടെയാണെന്ന്
ഒരു വരി മാത്രം കത്തെഴുതവേ
ശബ്‌ദം കേള്‍ക്കാനായി
പത്ത് അക്കം ഡയല്‍ ചെയ്യവേ
പണ്ടെന്നോ കൈയില്‍ വന്ന
നിന്റെ സ്വരത്തിലെ പാട്ട് കേള്‍ക്കാനായവേ
അരുതെന്നൊരു കരം
മുന്നില്‍
എന്താണിനി ചെയ്യുക?
പ്രാണ ശ്വാസം
ആരോ അപഹരിച്ചുകളഞ്ഞിരിക്കുന്നു
കാല്‍ച്ചുവട്ടിലെ മണ്ണ്
ഏതോ ഒഴുക്കിന്‍
പ്രലോഭനത്തില്‍ വീണിരിക്കുന്നു
ശ്വാസം മുട്ടി
മരിക്കും മുന്‍പ്
നന്മകള്‍ എന്ന്
ഒരു വരി കുറിക്കട്ടെ
*
പതിവിടങ്ങളില്‍
അന്വേഷിച്ച് കണ്ടെത്തിയാല്‍
കണ്ണു നിറയാതെ
നേരാനാവില്ല
എല്ലാ ഇഷ്‌ടങ്ങളും
സാധിക്കുമാറാകട്ടെയെന്ന
സ്നേഹാശംസ
കണ്ടെത്തപ്പെടരുതെന്ന
പ്രാര്‍ത്ഥനയുടെ കൈപിടിച്ച്
ഏതു കരയില്‍
പോയൊളിക്കണമെന്നറിയില്ല
എങ്കിലും
പുഴയോരത്ത്
തനിയെ നടക്കുമ്പോഴോ
ചാറ്റല്‍ മഴയേറ്റ്
വഴിയോരത്ത് നില്‍ക്കുമ്പോഴോ
കടല്‍പ്പാലത്തിന്റെയറ്റത്ത്
സായാഹ്നസൂര്യനെ യാത്രയാക്കുമ്പോഴോ
എന്നെങ്കിലുമൊക്കെ ഞാന്‍ വരും
നെറ്റിത്തടത്തില്‍
ഒരു തണുത്ത മുത്തം വെക്കാന്‍
നിന്റെ സമ്മതം തേടാതെ.
അന്ന്
നിനക്കെന്നെ
അറിയില്ലെന്നുമാത്രം
പറഞ്ഞുകളയരുതേ!