വരയുടെ ഇപ്പുറം

>> Saturday, August 1, 2009

ഇവിടെ
നീയെന്നെ അറിയുകയേയില്ല
കാരണം
ഞാന്‍ മരിച്ചിട്ട്
നാളുകള്‍ കഴിഞ്ഞിരിക്കുന്നു

പേരില്ലാത്തൊരാളുടെ
ഹൃദയത്തില്‍
കുത്തിവരച്ച വരകളും
പുഴുവരിച്ച് തീര്‍ത്തിരിക്കുന്നു

എന്റെ ശ്വാസത്തില്‍
നീയെഴുതിയ പേര്‍
രക്തത്തില്‍
നീ കുറിച്ച വാക്കുകള്‍
ജീവനില്‍
നിന്റെ ജീവനെ കാര്‍ന്നുതീര്‍ത്ത
നഷ്‌ട പ്രണയം
സ്വന്തമാണെന്ന് ഉറപ്പില്ലാഞ്ഞിട്ടും
ഒക്കെയും
മരണശേഷവും എനിക്കു തന്നെയെന്ന്
ഒസ്യത്തെഴുതിയിരുന്നു
മരിച്ചിട്ടും മരിക്കാത്ത സ്വാര്‍ത്ഥത
അങ്ങനെ
നിനക്ക് കാണാനും
കേള്‍ക്കാനുമാവാത്ത ചിലതുണ്ട്

നിന്റെ ലോകത്തിനും
എന്റേതിനും തമ്മില്‍
ഉടമ്പടികള്‍ ഏതുമില്ല
ഒരു ബാര്‍ട്ടറും നിലവിലില്ല
അല്ലായിരുന്നെങ്കില്‍
മുറിവിനു പകരം
ഒരു അന്ത്യ ചുംബനം വാങ്ങാന്‍
തീര്‍ച്ചയായും ഞാന്‍
ശ്രമിക്കുമായിരുന്നു

ഇവിടെ
നിനക്ക് തിരിച്ചറിയാന്‍
അടയാളമൊന്നും ബാക്കിയില്ല
മടങ്ങുക കണ്ണേ,
മടങ്ങുക.

Read more...

അവസാനത്തിനു തൊട്ടുമുന്‍പ്

>> Friday, July 31, 2009

എവിടെയാണെന്ന്
ഒരു വരി മാത്രം കത്തെഴുതവേ
ശബ്‌ദം കേള്‍ക്കാനായി
പത്ത് അക്കം ഡയല്‍ ചെയ്യവേ
പണ്ടെന്നോ കൈയില്‍ വന്ന
നിന്റെ സ്വരത്തിലെ പാട്ട് കേള്‍ക്കാനായവേ
അരുതെന്നൊരു കരം
മുന്നില്‍

എന്താണിനി ചെയ്യുക?

പ്രാണ ശ്വാസം
ആരോ അപഹരിച്ചുകളഞ്ഞിരിക്കുന്നു
കാല്‍ച്ചുവട്ടിലെ മണ്ണ്
ഏതോ ഒഴുക്കിന്‍
പ്രലോഭനത്തില്‍ വീണിരിക്കുന്നു

ശ്വാസം മുട്ടി
മരിക്കും മുന്‍പ്
നന്മകള്‍ എന്ന്
ഒരു വരി കുറിക്കട്ടെ

*

പതിവിടങ്ങളില്‍
അന്വേഷിച്ച് കണ്ടെത്തിയാല്‍
കണ്ണു നിറയാതെ
നേരാനാവില്ല
എല്ലാ ഇഷ്‌ടങ്ങളും
സാധിക്കുമാറാകട്ടെയെന്ന
സ്നേഹാശംസ

കണ്ടെത്തപ്പെടരുതെന്ന
പ്രാര്‍ത്ഥനയുടെ കൈപിടിച്ച്
ഏതു കരയില്‍
പോയൊളിക്കണമെന്നറിയില്ല

എങ്കിലും
പുഴയോരത്ത്
തനിയെ നടക്കുമ്പോഴോ
ചാറ്റല്‍ മഴയേറ്റ്
വഴിയോരത്ത് നില്‍ക്കുമ്പോഴോ
കടല്‍പ്പാലത്തിന്റെയറ്റത്ത്
സായാഹ്നസൂര്യനെ യാത്രയാക്കുമ്പോഴോ
എന്നെങ്കിലുമൊക്കെ ഞാന്‍ വരും
നെറ്റിത്തടത്തില്‍
ഒരു തണുത്ത മുത്തം വെക്കാന്‍
നിന്റെ സമ്മതം തേടാതെ.

അന്ന്
നിനക്കെന്നെ
അറിയില്ലെന്നുമാത്രം
പറഞ്ഞുകളയരുതേ!

Read more...