വരയുടെ ഇപ്പുറം

>> Saturday, August 1, 2009

ഇവിടെ
നീയെന്നെ അറിയുകയേയില്ല
കാരണം
ഞാന്‍ മരിച്ചിട്ട്
നാളുകള്‍ കഴിഞ്ഞിരിക്കുന്നു

പേരില്ലാത്തൊരാളുടെ
ഹൃദയത്തില്‍
കുത്തിവരച്ച വരകളും
പുഴുവരിച്ച് തീര്‍ത്തിരിക്കുന്നു

എന്റെ ശ്വാസത്തില്‍
നീയെഴുതിയ പേര്‍
രക്തത്തില്‍
നീ കുറിച്ച വാക്കുകള്‍
ജീവനില്‍
നിന്റെ ജീവനെ കാര്‍ന്നുതീര്‍ത്ത
നഷ്‌ട പ്രണയം
സ്വന്തമാണെന്ന് ഉറപ്പില്ലാഞ്ഞിട്ടും
ഒക്കെയും
മരണശേഷവും എനിക്കു തന്നെയെന്ന്
ഒസ്യത്തെഴുതിയിരുന്നു
മരിച്ചിട്ടും മരിക്കാത്ത സ്വാര്‍ത്ഥത
അങ്ങനെ
നിനക്ക് കാണാനും
കേള്‍ക്കാനുമാവാത്ത ചിലതുണ്ട്

നിന്റെ ലോകത്തിനും
എന്റേതിനും തമ്മില്‍
ഉടമ്പടികള്‍ ഏതുമില്ല
ഒരു ബാര്‍ട്ടറും നിലവിലില്ല
അല്ലായിരുന്നെങ്കില്‍
മുറിവിനു പകരം
ഒരു അന്ത്യ ചുംബനം വാങ്ങാന്‍
തീര്‍ച്ചയായും ഞാന്‍
ശ്രമിക്കുമായിരുന്നു

ഇവിടെ
നിനക്ക് തിരിച്ചറിയാന്‍
അടയാളമൊന്നും ബാക്കിയില്ല
മടങ്ങുക കണ്ണേ,
മടങ്ങുക.

Read more...

അവസാനത്തിനു തൊട്ടുമുന്‍പ്

>> Friday, July 31, 2009

എവിടെയാണെന്ന്
ഒരു വരി മാത്രം കത്തെഴുതവേ
ശബ്‌ദം കേള്‍ക്കാനായി
പത്ത് അക്കം ഡയല്‍ ചെയ്യവേ
പണ്ടെന്നോ കൈയില്‍ വന്ന
നിന്റെ സ്വരത്തിലെ പാട്ട് കേള്‍ക്കാനായവേ
അരുതെന്നൊരു കരം
മുന്നില്‍

എന്താണിനി ചെയ്യുക?

പ്രാണ ശ്വാസം
ആരോ അപഹരിച്ചുകളഞ്ഞിരിക്കുന്നു
കാല്‍ച്ചുവട്ടിലെ മണ്ണ്
ഏതോ ഒഴുക്കിന്‍
പ്രലോഭനത്തില്‍ വീണിരിക്കുന്നു

ശ്വാസം മുട്ടി
മരിക്കും മുന്‍പ്
നന്മകള്‍ എന്ന്
ഒരു വരി കുറിക്കട്ടെ

*

പതിവിടങ്ങളില്‍
അന്വേഷിച്ച് കണ്ടെത്തിയാല്‍
കണ്ണു നിറയാതെ
നേരാനാവില്ല
എല്ലാ ഇഷ്‌ടങ്ങളും
സാധിക്കുമാറാകട്ടെയെന്ന
സ്നേഹാശംസ

കണ്ടെത്തപ്പെടരുതെന്ന
പ്രാര്‍ത്ഥനയുടെ കൈപിടിച്ച്
ഏതു കരയില്‍
പോയൊളിക്കണമെന്നറിയില്ല

എങ്കിലും
പുഴയോരത്ത്
തനിയെ നടക്കുമ്പോഴോ
ചാറ്റല്‍ മഴയേറ്റ്
വഴിയോരത്ത് നില്‍ക്കുമ്പോഴോ
കടല്‍പ്പാലത്തിന്റെയറ്റത്ത്
സായാഹ്നസൂര്യനെ യാത്രയാക്കുമ്പോഴോ
എന്നെങ്കിലുമൊക്കെ ഞാന്‍ വരും
നെറ്റിത്തടത്തില്‍
ഒരു തണുത്ത മുത്തം വെക്കാന്‍
നിന്റെ സമ്മതം തേടാതെ.

അന്ന്
നിനക്കെന്നെ
അറിയില്ലെന്നുമാത്രം
പറഞ്ഞുകളയരുതേ!

Read more...

പക്ഷെ, നീ പറയണം

>> Sunday, November 16, 2008

അതേ വളവില്‍ എത്തിയെന്ന്
ഒരു സൂചന മാത്രം തരിക.
വൃശ്‌ചികപ്പുലരിയിലെ
എത്രയും നേര്‍മയായ മഞ്ഞുകണങ്ങളെപ്പോല്‍
മാഞ്ഞു പോകും മുന്‍പെ, അത്രമാത്രം.
കവിയെഴുതിയത് എല്ലാമൊന്നും ശരിയല്ല,
പൂജ്യം മുതല്‍ ആയിരം കിലോമീറ്ററുകള്‍ വരെ
അതിര്‍ത്തി മാറ്റിയും മറിച്ചും കുറിച്ച ജീവിതങ്ങളില്‍.
എങ്കിലും
കാണാത്ത ദിവസങ്ങളിലെല്ലാം
നഷ്‌ടമാവല്‍ എന്നൊരു ആധി
വാഗ്‌ദാനമൊന്നും കൈമാറിയിട്ടില്ലാത്ത
ഇക്കരയിലേക്ക്
കൊടുങ്കാറ്റായി വീശിയടിക്കാറുണ്ടെന്നും
എന്റെ കുട്ടിയെന്ന് ചേര്‍ത്തുനിര്‍ത്തുമൊരു
പെരുമഴ കണ്ണീര്‍ച്ചാലുകള്‍ മായ്ച്ചുകളയാറുണ്ടെന്നും
രാത്രികളില്‍ പതിവായി 14 ഇഞ്ചില്‍ തെളിയുന്ന
കറുത്ത-വെളുത്ത കെല്‍ട്രോണ്‍ സ്വപ്നങ്ങള്‍
ആള്‍ത്തിരക്കില്‍ അമ്മയുടെ കൈവിട്ടുപോയ
കുഞ്ഞിക്കണ്ണുകളിലെ പകപ്പാണെന്നും
ഇനി ഓര്‍ക്കാതിരിക്കാം.
നേരത്തേ കണ്ടു മുട്ടാഞ്ഞതെന്ത് നാം
എന്ന ക്ലീഷേകള്‍‍ മറന്നുകളയാം.
എവിടെയും തുടങ്ങുകയോ
എവിടെയും ഒടുങ്ങുകയോ
ചെയ്യുന്നില്ല നാമെന്ന് ഒരുമിച്ച് ഘോഷിക്കാം.
പക്ഷെ, നീ പറയണം.

Read more...

കാണാമറയത്ത്

>> Monday, October 13, 2008

നാളേറെ കഴിയുമ്പോ
എന്തായിരിക്കും നീയും ഞാനുമെന്ന്,
സൌഹൃദം ഉണ്ടാവുമോ
ഓര്‍മ്മകള്‍ ഉണ്ടാവുമോ എന്ന്.
എപ്പോഴോ
ഇങ്ങനെയൊരാളെ അറിയുമായിരുന്നെന്ന്
വെറുതെ ഓര്‍മ്മിക്കുമെന്ന്
ചോദ്യവും ഉത്തരവും എല്ലാമായി നീ.
പറയുന്നതും കേള്‍ക്കുന്നതും എല്ലാം നീ.
അപ്പോഴും എപ്പോഴും
പറയാതെപോകുന്ന വാക്കുകളായി,
എന്നും കൂട്ടായ മൌനത്തെ സാക്ഷിയാക്കി
നമ്മള്‍ നിനച്ചാല്‍ ഒക്കെയാവില്ലേഎന്ന്
ഒരേയൊരു കളവില്‍ ഇന്നും ഞാന്‍.

ഒരിക്കലും നഷ്‌ടപ്പെടരുതെന്ന്
വിളി എന്നും കേള്‍ക്കണമെന്ന്
കൈയെത്തും ദൂരത്ത് എന്നുമുണ്ടാവണമെന്ന്
എന്നും കൂട്ടായിരിക്കണമെന്ന്
മൌനമായെങ്കിലും അരികില്‍ വേണമെന്ന്
ആ പേരിലെത്ര കണ്ണീരൊഴുകിയെന്ന്
വെറുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയെന്ന്
കാത്തുവച്ചതൊന്നും പറയാതെ
നിന്റെ പേരു കൊത്തിയ കല്ലിന്നും നെഞ്ചിലേറ്റി
ഒരേയൊരു കളവില്‍ ഇന്നും ഞാന്‍.

ഇല്ല;
നീ കാണുകയില്ല,
കേള്‍ക്കുകയോ അറിയുകയോ ഇല്ല,
കാണാമറയത്തെ കണ്ണുനീര്‍ത്തുള്ളിയെ.
അത് ഇരുളില്‍ ഒഴുകിമറഞ്ഞോട്ടെ.
ഒരു നൊടി നേരത്തില്‍ ബാഷ്‌പമായ് തീര്‍ന്നോട്ടെ.

Read more...

പേരില്ലാതെ

>> Wednesday, October 8, 2008

നിശ്ശബ്‌ദ നൊമ്പരങ്ങളോ
നഷ്‌ട സ്വപ്‌നങ്ങളോ
ഉരുക്കിക്കൂട്ടിയെടുത്ത നിന്‍ മൌനം
ഇന്നലെ ഞെരിച്ചമര്‍ത്തിയത്
ദുര്‍ബലമായ ഈ നെഞ്ചിന്‍ കൂട്.
രണ്ടര മണിക്കൂര്‍ നടന്ന
മൌനയുദ്ധത്തിനൊടുവില്‍
നിന്നെത്തേടി വന്നത്
ആ വിധം മുറിഞ്ഞ ഒരു
എല്ലിന്‍ കഷണമായിരിക്കണം.

അപ്പോള്‍ മറന്നത്,
മുറിപ്പെടുത്താന്‍ തക്ക മൂര്‍ച്ച
ഉണ്ടായിരുന്നോ
അഥവാ
എത്ര ആഴത്തില്‍
എന്ന ആശങ്കയോടു ചേര്‍ത്തുവെച്ച്
മുറിയപ്പെടുന്ന എന്തിന്റെയോ
സ്വഭാവം എന്നതിനെയും വായിക്കണം
എന്ന പാഠം.

ആ നിമിഷം മുതലിങ്ങോട്ട്
എണ്ണമറ്റ തവണയുരുവിട്ട
മാപ്പ് എന്ന രണ്ടക്ഷരം
നിന്റെയരികിലെത്തിക്കാന്‍
കുറ്റബോധം വിലങ്ങണിയിച്ച
ചുണ്ടുകള്‍ പിളര്‍ന്നില്ല.
മൌനത്തിന്റേതാം
വക്ക് പൊട്ടിയ മണ്‍കുടത്തില്‍
ഊഴമിട്ടൂഴമിട്ട് പലപ്പോഴായ്
ചേര്‍ത്തുവെക്കപ്പെട്ട പലതിനുമൊപ്പം
നിന്റെ പേര് മായ്ച്ചു കളയപ്പെട്ട
രണ്ട് കണ്ണുനീര്‍ത്തുള്ളികളും
ഇന്ന് വീണടിയട്ടെ.

Read more...