പേരില്ലാതെ

>> Wednesday, October 8, 2008

നിശ്ശബ്‌ദ നൊമ്പരങ്ങളോ
നഷ്‌ട സ്വപ്‌നങ്ങളോ
ഉരുക്കിക്കൂട്ടിയെടുത്ത നിന്‍ മൌനം
ഇന്നലെ ഞെരിച്ചമര്‍ത്തിയത്
ദുര്‍ബലമായ ഈ നെഞ്ചിന്‍ കൂട്.
രണ്ടര മണിക്കൂര്‍ നടന്ന
മൌനയുദ്ധത്തിനൊടുവില്‍
നിന്നെത്തേടി വന്നത്
ആ വിധം മുറിഞ്ഞ ഒരു
എല്ലിന്‍ കഷണമായിരിക്കണം.

അപ്പോള്‍ മറന്നത്,
മുറിപ്പെടുത്താന്‍ തക്ക മൂര്‍ച്ച
ഉണ്ടായിരുന്നോ
അഥവാ
എത്ര ആഴത്തില്‍
എന്ന ആശങ്കയോടു ചേര്‍ത്തുവെച്ച്
മുറിയപ്പെടുന്ന എന്തിന്റെയോ
സ്വഭാവം എന്നതിനെയും വായിക്കണം
എന്ന പാഠം.

ആ നിമിഷം മുതലിങ്ങോട്ട്
എണ്ണമറ്റ തവണയുരുവിട്ട
മാപ്പ് എന്ന രണ്ടക്ഷരം
നിന്റെയരികിലെത്തിക്കാന്‍
കുറ്റബോധം വിലങ്ങണിയിച്ച
ചുണ്ടുകള്‍ പിളര്‍ന്നില്ല.
മൌനത്തിന്റേതാം
വക്ക് പൊട്ടിയ മണ്‍കുടത്തില്‍
ഊഴമിട്ടൂഴമിട്ട് പലപ്പോഴായ്
ചേര്‍ത്തുവെക്കപ്പെട്ട പലതിനുമൊപ്പം
നിന്റെ പേര് മായ്ച്ചു കളയപ്പെട്ട
രണ്ട് കണ്ണുനീര്‍ത്തുള്ളികളും
ഇന്ന് വീണടിയട്ടെ.

3 comments:

she October 8, 2008 at 10:03 PM  

എന്റര്‍ കീ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതും ആര്‍ക്കും എപ്പോഴും എങ്ങനേയും എവിടേയും എഴുതാവുന്നതും എന്ന് ഇവിടെ റീ-ഡിഫൈന്‍ ചെയ്യപ്പെട്ട അതേ വകുപ്പില്‍ നമ്മുടെ വകയായും ഒരെണ്ണം കിടക്കട്ടെ അല്ലേ?

Rajeesh October 9, 2008 at 4:32 AM  

വായിച്ചിട്ട് അഭിപ്രായം പറയാന്‍ തോന്നി ..പക്ഷെ തന്റെ 'profile' വായിച്ചപ്പോ ഒന്നും എഴുതാന്‍ തോന്നുന്നില്ല...ബ്ലോഗ് എഴുതി തുടങ്ങുമ്പോ തന്നെ വേണോ ഒരു പിന്തിരിപ്പന്‍ മൂരാച്ചി attitude ?

she October 9, 2008 at 6:04 AM  

തരികിട, ബ്ലോഗ് വായന തുടങ്ങിയിട്ട് കുറെയായി. ഈയിടെയായി ഇവിടെ നടക്കുന്നതൊക്കെ കണ്ടും കേടടും ഒക്കെ തോന്നിയതാണ്. ഇനി അത് മൂരാച്ചിത്തം എന്നാണെന്കില് അങ്ങ്ങ്ങനെ ആയിക്കോട്ടെ :|